എന്താണ് ശുചിത്വ കേരള റാങ്കിംഗ്
കേരളം മാലിന്യ സംസ്‌കരണത്തിൽ വലിയ മുന്നേറ്റങ്ങൾ നേടിയിട്ടുണ്ടെങ്കിലും, മെച്ചപ്പെടുത്താനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണ മേഖലയിലെ നിലവിലെ സ്ഥിതി കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് ശുചിത്വ കേരളം റാങ്കിംഗ്. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മാലിന്യ സംസ്കരണ മേഖലയില്‍ നിലവിലെ സ്ഥിതി തിരിച്ചറിഞ്ഞുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കുന്നു.
റാങ്കിംഗ് പ്രവര്‍ത്തനം എങ്ങനെ?
നാല് ഘട്ടങ്ങള്‍ അടങ്ങുന്ന ഗ്രേഡിംഗ് രീതിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനായി അവലംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രേഡിംഗ് പോര്‍ട്ടല്‍ വഴി രേഖപ്പെടുത്തുന്നു. അടുത്ത ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ഫീല്‍ഡ് തല പരിശോധന ടീമുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ഇതിനായി ഗ്രാമ പഞ്ചായത്ത്കളെ ബ്ലോക്ക് തല പരിശോധന ടീമുകളും, നഗരസഭകളെ ജില്ലാതലത്തില്‍ രൂപീകരിച്ച പ്രത്യേക പരിശോധന ടീമും പരിശോധിക്കുന്നതാണ്. തുടര്‍ന്ന് ജില്ലാ തല ടീം പരിശോധിച്ച് വിവരങ്ങള്‍ അന്തിമമാക്കുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നടത്തി മാര്‍ക്ക് നല്‍കുന്നതാണ്.
റാങ്കിംഗ് മാനദണ്ഡങ്ങൾ എന്തൊക്കെ?
9 പ്രധാന ശുചിത്വ മാലിന്യ സംസ്കരണ ഘടകങ്ങളുടെയും 22 സൂച്ചകങ്ങളുടെയും അടിസ്ഥാനത്തിലാണ് ശുചിത്വ കേരള റാങ്കിംഗ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ നൂറു മാര്‍ക്കില്‍ ആണ് റാങ്കിംഗ് പ്രക്രിയ. കവറേജ്, അജൈവ മാലിന്യ ശേഖരണ സംവിധാനങ്ങള്‍, ജൈവ മാലിന്യ സംവിധാനം, ദ്രവ മാലിന്യ സംസ്കരണം, സാനിട്ടറി മാലിന്യം, എന്‍ഫോഴ്സ്മെന്റ്, IEC, പ്രൊജക്റ്റ് നിര്‍വഹണം, പൊതു ശുചിത്വം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്.